Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

welcome Ramadan 2023

Download Now
നിസ്കാരത്തിന്റെ ഫർളുകൾ
(1) നിയ്യത്ത്:
നിയ്യത്ത് എന്നാല്‍ ഒരുകാര്യം നിശ്ചയിച്ചുറപ്പിക്കുക, ഉദ്ദേശിക്കുക എന്നാണ് ഭാഷാര്‍ഥം. നിസ്കരിക്കുന്നവന്‍ തക്ബീറതുല്‍ ഇഹ്റാമിന്റെ സമയത്ത് നിയ്യത്ത് മനസ്സില്‍ കൊണ്ടുവന്നിരിക്കണം. നാവുകൊണ്ട് ഉച്ചരിക്കല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നത്താണ്. ഉമര്‍ (റ) വില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ നിന്ന് നിയ്യത്തിന്റെ അനിവാര്യത നമുക്ക് മനസ്സിലാക്കാവുന്നതാണ്.
നബി(സ്വ) അരുള്‍ ചെയ്യുന്നു. നിശ്ചയം എല്ലാ കര്‍മങ്ങളുടെയും സ്വീകാര്യത നിയ്യത്തുകള്‍ കൊണ്ട് മാത്രമാണ്. ഒരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചത് മാത്രമാണുള്ളത് (ബുഖാരി മുസ്ലിം).
വീട്ടില്‍ നിന്ന് പള്ളിയിലേക്കോ നിസ്കാരസ്ഥലത്തേക്കോ ഉള്ള യാത്ര നിയ്യത്തായി പരിഗണിക്കപ്പെടുകയില്ല. മുകളില്‍ പറഞ്ഞപോലെ, തക്ബീറതുല്‍ ഇഹ്റാമിന്റെ സമയത്ത് നിയ്യത്ത് മനസ്സില്‍ കൊണ്ടുവരികയും അത് തക്ബീറിനോട് ചേര്‍ന്നു വരികയും വേണം. ജമാഅത്തായി നിസ്കരിക്കാന്‍ വേണ്ടി ഓടിപ്പോകുന്ന വ്യക്തി അല്‍പനേരം അണിയില്‍ (സ്വഫ്) നിന്ന ശേഷം നിയ്യത്ത് മനസ്സില്‍ കൊണ്ടു വന്ന് തക്ബീര്‍ ചൊല്ലി മാത്രമേ ഇമാമുള്ള നിസ്കാരത്തിലേക്ക് പ്രവേശിക്കാവൂ. അഥവാ നിറുത്തത്തില്‍ തന്നെയാണ് നിയ്യത്തും തക്ബീറതുല്‍ ഇഹാറാമും വേണ്ടത്. അല്ലാതിരുന്നാല്‍ നിസ്കാരം സാധുവാകുകയില്ല.നിയ്യത്ത് എങ്ങനെഞാന്‍ നിസ്കരിക്കുന്നുവെന്നും ഏത് നിസ്കാരമാണെന്നും ഫര്‍ളാണെങ്കില്‍ഫര്‍ളെന്നും കരുത ലാണ് നിര്‍ബന്ധം.
റക്അത്തിന്റെ എണ്ണം, അദാഅ്, ഖളാഅ്, ഖിബിലാക്ക് മുന്നിടുന്നു എന്നിവ കരുതല്‍ സുന്നത്താണ്. മഅ്മൂമാണെങ്കില്‍ ഇമാമോടുകൂടി എന്ന് കൂടി കരുതണം. അപ്പോള്‍ പൂര്‍ണ്ണ രൂപം ഇങ്ങനെ മനസ്സിലാക്കാം.
ഉദാ: സ്വുബ്ഹി എന്ന ഫര്‍ള് നിസ്കാരം രണ്ട് റക്അത് ഖിബിലക്ക്് മുന്നിട്ട് ഇമാമോടു കൂടെ അദാആയി അല്ലാഹുവിന് വേണ്ടി ഞാന്‍ നിസ്കരിക്കുന്നു.

(2) തക്ബീറത്തുല്‍ ഇഹ്റാം
അല്ലാഹു അക്ബര്‍ എന്നാണ് തക്ബീറിന്റെ വാക്യം. അല്ലാഹു മഹാനാകുന്നു എന്നാണ് ഇതിന്നര്‍ഥം. ഇത് അറബിയില്‍ തന്നെ പറയല്‍ നിര്‍ബന്ധമാണ്. മത്രമല്ല അര്‍ഥത്തെ ബാധിക്കുന്ന രൂപത്തില്‍ അക്ഷരങ്ങളെ മാറ്റുകയോ നീട്ടുകയോ ചെയ്താലും പരിഗണിക്കപ്പെടുകയില്ല. നിന്ന് നിസ്കരിക്കുന്നവര്‍ ശരിക്കും നിവര്‍ന്നു നിന്നാകണം തക്ബീര്‍ ചൊല്ലേത്.
റുകൂഇലുള്ള ഇമാമിനെ പ്രാപിക്കാന്‍ വേണ്ടി ഓടിച്ചെന്ന് റുകൂഇലേക്ക് പോയ്കൊണ്ടിരിക്കെ തക്ബീറ് ചൊല്ലുന്നത് സാധുവല്ല. റുകൂഇല്‍ ശരീരം പൂര്‍ണമായി അടങ്ങാന്‍ ആവശ്യമായ സമയം ഇമാമിനോടൊപ്പം ലഭിച്ചില്ലെങ്കില്‍ പ്രസ്തുത റക്അത് പരിഗണിക്കപ്പെടുന്നതല്ല. നിസ്കാരത്തിന് പോവുക, ഓടി പോവരുത്. നടന്നുകൊണ്ട ് പോവുക, ജമാഅത്തായി കിട്ടിയത് നിസ്കരിക്കുക. അല്ലാത്തവ സ്വന്തമായി പൂര്‍ത്തിയാക്കുകയും ചെയ്യുക, ഇതാണ് നബി(സ്വ)യുടെ നിര്‍ദേശം.

(3) നില്‍ക്കാന്‍ കഴിവുള്ളവന്‍ നല്‍ക്കല്‍:
ഇത് ഫര്‍ള് നിസ്കാരത്തില്‍ നിര്‍ബന്ധമാണ് എന്നത് ഖുര്‍ആന്‍ ഹദീസ് ഇജ്മഅ് എന്നിവകൊണ്ട് സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു നിസ്കാരങ്ങളെ വിശിഷ്യാ മധ്യ നിസ്കാരത്തെ നിങ്ങള്‍ കാത്ത് സൂക്ഷിക്കുകയും അല്ലാഹുവിന്റെ മുമ്പില്‍ ശാന്തരായി നില്‍ക്കുകയും ചെയ്യുവീന്‍.ഫര്‍ള് നിസ്കാരത്തില്‍ നില്‍ക്കാന്‍ സാധിക്കാത്തവന്‍ ഇരുന്നോ കിടന്നോ കഴിയും വിധം നിസ്കരിച്ചാല്‍ മതി. അവര്‍ക്കതിന് പരിപൂര്‍ണ പ്രതിഫലം ലഭിക്കുകയും ചെയ്യും. നബി(സ്വ) പറഞ്ഞതായി അബൂ മൂസാ(റ) നിവേദനം ചെയ്യുന്നു. ഒരാള്‍ രോഗത്തിലോ യാത്രയിലോ ആയാല്‍ താന്‍ ആരോഗ്യവാനും സ്ഥിരവാസക്കാരനുമായിരുന്നപ്പോള്‍ ചെയ്തിരുന്ന പുണ്യകര്‍മത്തിന്റെ പ്രതിഫം അല്ലാഹു അവനു രേഖപ്പെടുത്തും (ബുഖാരി).

4) ഫാതിഹഃ ഓതല്‍

നിസ്കാരത്തിന്റെ നാലാമത്തെ ഫര്‍ളാകുന്നു ഫാതിഹഃ ഓതല്‍. ഓരോ റക്അതിലും ഫാതിഹഃ ഓതല്‍ നിര്‍ബന്ധമാണ്. എന്നാല്‍, റുകൂഇല്‍ ഇമാമിനെ തുടരുകയും അവനോടൊപ്പം റുകൂഇല്‍ അടങ്ങിത്താമസിക്കാന്‍ സമയം ലഭിക്കുകയും ചെയ്തവന് ഫാതിഹഃ ഓതിയില്ലെങ്കിലും അത് റക്അതായി പരിഗണിക്കപ്പെടുമെന്ന് പണ്ഢിതന്മാര്‍ ഏകോപിച്ച് പറയുന്നു. ഫാതിഹഃയുടെ നിര്‍ബന്ധം കുറിക്കുന്ന ഹദീസുകള്‍ നിരവധിയുണ്ട്.
“നബി (സ്വ) പറഞ്ഞു. ഫാതിഹഃ ഓതാത്തവന് നിസ്കാരമില്ല”(ബുഖാരി).
ഉബാദത്ത്ബ്നു സ്വാമിത് (റ) നിന്ന് നിവേദനം:“ഞങ്ങള്‍ നബി (സ്വ) യോടൊപ്പം നിസ്കരിച്ചു, നബി (സ്വ) യുടെ മേല്‍ ഓത്ത് ഭാരമായി, നിസ്കാരം കഴിഞ്ഞ ശേഷം തങ്ങള്‍ ചോദിച്ചു, നിങ്ങള്‍ ഇമാമിന്റെ പിന്നില്‍ നിന്ന് ഓതാറുണ്ടോ? ഞാനങ്ങനെ ധരിക്കുന്നു, ഞങ്ങള്‍ പറഞ്ഞു. അതെ ഓതാറുണ്ട്. അപ്പോള്‍ നബി (സ്വ) പറഞ്ഞു. നിങ്ങള്‍ ഉമ്മുല്‍ ഖുര്‍ആന്‍ മാത്രം ഓതുക, അത് ഓതാത്തവനു നിസ്കാരമില്ല”(ബുഖാരി).

5 )റുകൂഅ് ചെയ്യല്‍
നിസ്കാരത്തിന്റെ അഞ്ചാമത്തെ ഫര്‍ളാണ് റുകൂഅ് ചെയ്യല്‍. നിറുത്തത്തില്‍ സ്രഷ്ടാവിനെ ആവോളം പുകഴ്ത്തുകയും അവന്റെ മുമ്പില്‍ ആവശ്യങ്ങളെല്ലാംസമര്‍പ്പിക്കുകയും അതിലുപരി തന്റെ ശാശ്വത വിജയത്തിന്റെ നിദാനമായ ഹിദായത്ത് (സന്മാര്‍ഗം) ലഭ്യമാകാനും ആ പാതയില്‍ തന്നെ സ്ഥിരപ്പെടുത്താനുമായി ആത്മാര്‍ഥമായി തേടിയ ശേഷം, യജമാനന്റെ മുമ്പില്‍ അവന്‍ കല്‍പിച്ച പ്രകാരം കുമ്പിടുകയാണ്.
“വിശ്വാസികളെ, നിങ്ങള്‍ റകൂഉം സുജൂദും ചെയ്യുക, നിങ്ങള്‍ നാഥനെ ആരാധിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക, നിങ്ങള്‍ വിജയിക്കാന്‍ വേണ്ടി”എന്ന സൂറതുല്‍ ഹജ്ജ് 66-ാ മത്തെ സൂക്തം റുകൂഇന്റെ നിര്‍ബന്ധത്തെ വിളിച്ചറിയിക്കുന്നു.

6 ) ഇഅ്തിദാല്‍
റുകൂഇല്‍ നിന്ന് ഉയര്‍ന്ന് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുക എന്നതാണ് ഇഅ്തിദാല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്, നിസ്കാരത്തിന്റെമറ്റൊരു ഫര്‍ളായ ഇതും മൂന്നാമത്തെ ഫര്‍ളായ ഖിയാമും തമ്മില്‍ വ്യത്യാസമുണ്ടെന്നത് പേര് കൊണ്ട് തന്നെ ബോധ്യപ്പെടുന്നതാണ്, മുതുക് നേരയാകും വരെ നി വര്‍ന്ന് നിന്നാലെ നബിചര്യ പാലിച്ചവനാകൂ. അബൂ ഹുമൈദിനിസ്സാഇദി (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍, നബി (സ്വ) യുടെ മുതുകെല്ലു നിവരുംവരെ നിവര്‍ന്നിരുന്നു എന്ന് കാണാവുന്നതാണ്.

7)സുജൂദ്
നിസ്കാരത്തിലെ പ്രധാനപ്പെട്ട ഒരു ഫര്‍ളാണ് സുജൂദ്. ഇഅ്തിദാലില്‍ നിന്ന് തക്ബീര്‍ ചൊല്ലി വിനയവും വണക്കവുമെല്ലാം അതിന്റെ പാരമ്യതയില്‍ എത്തുന്ന സുജൂദിലേക്ക് നീങ്ങാനുള്ള ഖുര്‍ആന്റെ ആഹ്വാനം ശ്രദ്ധിക്കൂ.“നീ രക്ഷിതാവിനെ പ്രശംസ കൊണ്ട് വാഴ്ത്തുകയും സുജൂദ് ചെയ്യുന്നവരില്‍ പെടുകയും ചെയ്യുക, മരണം ആഗതമാകും വരെ നീ നിന്റെ നാഥനെ ആരാധിക്കുക” (ഹിജ്റ്-98-99).
ഇനിയും ഖുര്‍ആനില്‍ പല സ്ഥലങ്ങളില്‍ സുജൂദിന്റെ സ്ഥാനവും ഫലങ്ങളും പ്രതിപാദിച്ചതായി കാണാംb. നബി (സ്വ) പറയുന്നു, പിന്നെ അനക്കം അടങ്ങും വിധത്തില്‍ സുജൂദ് ചെയ്യുക (ബുഖാരി).
സുജൂദില്‍ ഏഴ് അവയവങ്ങള്‍ നിലത്ത് വെക്കണം, ഇബ്നു അബ്ബാസി (റ) ല്‍ നിന്നുള്ള നിവേദനത്തില്‍ കാണാം. നബി (സ്വ) പറഞ്ഞു: “ഏഴ് അസ്ഥികളുടെ മേല്‍ സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. നെറ്റി (ഇത് പറയുമ്പോള്‍ അവിടുന്ന് മൂക്കിന്റെ നേരെ ചൂണ്ടി) രണ്ടു കൈകള്‍, രണ്ടുകാല്‍ മുട്ടുകള്‍, രണ്ട് പാദങ്ങളുടെ അഗ്രങ്ങള്‍ എന്നിവയുടെ മേലില്‍”(ബുഖാരിമുസ്ലിം).

8)ഇരുത്തം
ഓരോ റക്അത്തിലും മേല്‍ പറഞ്ഞ നിബന്ധനകള്‍ മുഴുവന്‍ പാലിച്ചുകൊണ്ട് രണ്ട് സുജൂദ് ചെയ്യല്‍ നിര്‍ബന്ധമാണ്.
നിസ്കാരത്തിന്റെ അടുത്ത ഫര്‍ള് രണ്ട് സുജൂദുകള്‍ക്കിടയിലുള്ള ഇരു ത്തമാണ്. ഒന്നാം സുജൂദില്‍ നിന്ന് തക്ബീര്‍ ചൊല്ലി ഈ ഇരുത്തത്തിലേക്ക് പ്രവേശിക്കണം, ഇടതു കാല്‍ പാദം പരത്തിവെച്ച് അതിന്മേലാണ് ഇരിക്കേണ്ടത്, വലത്തെ കാലിന്റെ വിരലുകളുടെ പള്ള നിലത്ത് തട്ടും വിധം വലത് കാല്‍ നാട്ടിവെക്കുകയാണ് വേണ്ടത്, സുന്നത്തായ രൂപം ഇങ്ങനെയാണ്, ഇതിന് ‘ഇഫ്തിറാഷ്’ന്റെ ഇരുത്തം എന്നാണ് പറയുക.

9) ഥുമഅ്നീനത്ത്
അടക്കം അനങ്ങല്‍ എന്നാണ് ഇതിന്റെ അര്‍ഥം, റുകൂഅ്, സുജൂദ്, ഇടയിലെ ഇരുത്തം, ഇഫ്തിറാഷിന്റെ ഇരുത്തം ഇവയില്‍ അടങ്ങിതാമസിക്കല്‍ നിസ്കാരത്തിന്റെഒമ്പതാമത്തെ ഫര്‍ളാകുന്നു. എല്ലാ അംഗങ്ങളും ആ ഫര്‍ളില്‍ സ്ഥിരമാവുകയെന്നാ ണിതു കൊണ്ട് വിവക്ഷിതം.

10).തശഹ്ഹുദ് (അത്തഹിയ്യാത്ത്)
നിര്‍ത്തത്തിലും റുകൂഅ് സുജൂദ് തുടങ്ങിയവയിലുമെല്ലാം സ്രഷ്ടാവിനെ പുകഴ്ത്തു കയും തന്റെ കഴിവുകേടുകള്‍ അവന്റെ മുന്നില്‍ എണ്ണിപ്പറയുകയും ചെയ്ത വിശ്വാസി യജമാനനുമായുള്ള സംഭാഷണത്തില്‍ നിന്ന് വിരമിക്കും മുമ്പ് അത്മീയമായും മാനസികമായും അല്ലാഹുവിലേക്ക് ഒരു മിഅ്റാജ് നടത്തുകയാണ് അത്തഹിയ്യാത്തിലൂടെ.

11).ഇരുത്തം
അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷം സലാം വീട്ടാന്‍ വേണ്ടി ഇരിക്കല്‍ നിസ്കാര ത്തിന്റെ മറ്റൊരു ഫര്‍ളാകുന്നു. അത് ഉപേക്ഷിച്ചാല്‍ നിസ്കാരം സാധുവാകുകയില്ല.

12)സ്വലാത്ത്
സ്വലാത്തിന്റെ വാചകം നിര്‍ണ്ണിതമല്ലാത്തതുകൊണ്ട് തന്നെ എങ്ങനെ സ്വലാത്ത് ചൊല്ലിയാലും ഫര്‍ള് വീടുന്നതാണ്. അല്ലാഹുവെ, നബി (സ്വ) ക്ക് നീ ഗുണം ചെയ്യേണമെ, എന്നര്‍ഥം വരുന്ന രൂപത്തില്‍ അത് നിര്‍വ്വഹിക്കുക. ഇബ്നു ഉമര്‍ (റ) പറയുന്നത് ശ്രദ്ധിക്കൂ. നബി (സ്വ) പറഞ്ഞു. ഖിറാഅത്തും തശഹ്ഹുദും എന്റെ മേലില്‍ സ്വലാത്തുമില്ലാത്ത നിസ്കാരമില്ല. ഇമാം ബൈഹഖി പറയുന്നു. തശഹ്ഹുദില്‍ നബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലാതിരുന്നാല്‍ നിസ്കാരം മടക്കി നിസ്കരിക്കേണ്ടതാണ്.
നബി (സ്വ) ക്ക് സ്വലാത്ത് ചൊല്ലുന്നതിനോടൊപ്പം അവിടുത്തെ കുടുംബത്തിനും സ്വലാത്ത് ചൊ ല്ലല്‍ ഘനപ്പെട്ട സുന്നത്താണ്. ഹദീസില്‍ പല രൂപത്തിലും സ്വലാത്തിന്റെ വാചകങ്ങള്‍ രേഖപ്പെട്ടിട്ടുണ്ടെങ്കിലും സ്വലാത്ത് ഇബ്റാഹീമിയ്യഃ യാണ് ഏറ്റവും ഉത്തമം.
“അല്ലാഹുവെ, ഇബ്റാഹീം നബി (അ) ക്കും കുടുംബത്തിനും നീ ഗുണം ചെയ്ത പോലെ നബി (സ്വ) ക്കും കുടുംബത്തിനും നീ ഗുണം ചെയ്യുകയും, ഇബ്റാഹീം നബി (അ) ക്കും കുടുംബത്തിനും നീ അനുഗ്രഹം ചെയ്ത പോലെ തിരുനബി (സ്വ) ക്കും കുടുംബത്തിനും നീ അനുഗ്രഹം ചെയ്യണേ എന്നര്‍ഥം വരുന്ന പ്രസ് തുത സ്വലാത്ത് പൂര്‍ത്തിയായാല്‍ പിന്നെ പ്രാര്‍ഥനയുടെ സമയമാണ്.

13).സലാം വീട്ടല്‍
തക്ബീര്‍ ചൊല്ലി യജമാനനുമായുളള മുനാജാത്തി (സംഭാഷണം) ല്‍ പ്രവേശിച്ച അടിമ അവസാനമായി തന്റെ ചുറ്റുമുളളവര്‍ക്ക് നാഥന്റെ രക്ഷയുണ്ടാകാനായി സലാം വീട്ടലിലൂടെ ആവശ്യപ്പെടുന്നു.
ഇമാം തുര്‍മുദിയുടെ റിപ്പോര്‍ട്ട് ഇങ്ങനെ വായിക്കാം,”നിസ്കാരത്തിന്റെ താക്കോല്‍ ശുദ്ധിയും അതിലേക്കുളള പ്രവേശം തക്ബീറതുല്‍ ഇഹ്റാമും വിരാമം സലാമുമാകുന്നു.

14). ക്രമം പാലിക്കല്‍.
നിസ്ക്കാരത്തിന്റെ കര്‍മ്മങ്ങളാണ്‌ മുകളില്‍ പ്രതിപാദിച്ചത്. ഈ കര്‍മ്മങ്ങളെല്ലാം ക്രമപ്രകാരം ചെയ്യേണ്ടതാണ്‌. ക്രമം തെറ്റിയാണ്‌ ചെയ്യുന്നതെങ്കില്‍ നിസ്ക്കാരം സാധുവാകയില്ല.
Whatsapp Status
. Back . Home . Top
[|Standard browser] 178367
© Bigmanjeri.Wapkiz.Mobi®